ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് പറഞ്ഞു. ഹൈക്കോടതിയുടെ നിലപാടിനോട് അനുസൃതമായാണ് സുപ്രീംകോടതിയും പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.