അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിനിയായ പതിനൊന്ന് വയസ്സുകാരിക്ക് രോഗം ഭേദമായി. കുട്ടി പൂർണ ആരോഗ്യത്തോടെ ബുധനാഴ്ച ആശുപത്രി വിട്ടു.
അതേസമയം, പാലക്കാട് പട്ടാമ്പി സ്വദേശിയായ 27-കാരന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പട്ടാമ്പി സ്വദേശി ഉൾപ്പെടെ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൂന്ന് കുട്ടികൾ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലും ആറു പേർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
എന്നാൽ അമീബിക് മസ്ത്ഷിക ജ്വരവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം കഴിഞ്ഞ ദിവസം സഭയിൽ ചർച്ച ചെയ്തിരുന്നു.ആരോഗ്യവകുപ്പിന് പുറമെ മറ്റ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏകാരോഗ്യ കര്‍മ്മ പദ്ധതിയിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.