സത്യത്തെ വളച്ചൊടിച്ച് തെറ്റായ സന്ദേശം നൽകി; നരിവേട്ട സിനിമക്കെതിരെ വിമർശനവുമായി സി കെ ജാനു

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.കെ. ജാനു. സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിക്കുകയും തെറ്റായ സന്ദേശമാണ് നൽകിയെന്നും സി കെ ജാനു വിമർശിച്ചു. സമരത്തിന്‍റെ യാഥാർത്ഥ്യത്തെ പുതു തലമുറയുടെ മുൻപിൽ മറച്ചു പിടിക്കുകയാണ്. സിനിമ എടുക്കുന്നതിൽ ആത്മാർത്ഥ ഇല്ലെങ്കിൽ അതിനു നിൽക്കരുതായിരുന്നുവെന്ന് ജാനു പ്രതികരിച്ചു.
സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആദിവാസി സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. മനുഷ്യരെ മൃഗങ്ങളെപ്പോലെ കടിച്ചുകീറാൻ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല. മനുഷ്യനാണെന്ന പരിഗണന പോലും ഉണ്ടായിരുന്നില്ല .ആദിവാസികളെ പോലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചില്ല. മറിച്ച് നരിവേട്ടയിൽ പോലീസിനെ വെള്ളപൂശുകയാണ്. സിനിമയില്‍ ആറ് പേരെ കത്തിക്കുന്ന രംഗമുണ്ട്. എന്നാൽ അതൊന്നും യഥാർത്ഥത്തിൽ അവിടെ അരങ്ങേറാത്ത സംഭവമാണ്. സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും സി.കെ. ജാനു പറഞ്ഞു
അതേ സമയം മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ പരാമർശത്തേക്കുറിച്ചും സി.കെ. ജാനു പ്രതികരണം അറിയിച്ചു. മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപം തോന്നിയത്തിൽ സന്തോഷമുണ്ട്.പക്ഷെ വൈകിയ വേളയിലുള്ള കുമ്പസാരം കൊണ്ട് കാര്യമില്ല. ആന്റണിക്ക് മാപ്പില്ലെന്നും ആദിവാസികള്‍ നേരിട്ട പീഡനം മറക്കാന്‍ കഴിയില്ലെന്നും ആദിവാസിയുടെ ഭൂമിക്ക് മോലെയുള്ള പരിഹാരമാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു.