ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ പുതുക്കിയ ടോൾ ആയിരിക്കുമോ എന്നതിൽ വ്യക്തത വരൂ.
ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് ആഗസ്‌ത് അഞ്ചിന് ടോൾപിരിവ് തടഞ്ഞത്. കഴിഞ്ഞ 40 ത് ദിവസമായി പാലിയേക്കരയിൽ ടോൾ പിരിവ് ഉണ്ടായിട്ടില്ല.
കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കണമെന്നും
ടോള്‍ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കാൻ അനുമതി നൽകിയത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് ടോൾ വർധിപ്പിച്ചിരിക്കുന്നത്.ഒരു ഭാഗത്തേക്ക് പോകാൻ കാറുകൾക്ക്
90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 245 ആണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. ഒരു ഭാഗത്തേയ്ക്ക് മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.

