Latest News

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ

 പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ

2007 സെപ്റ്റംബറിൽ കേരളത്തെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം പതിനെട്ട് വർഷം പിന്നിടുകയാണ്. എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവൻ കവർന്ന ആ സംഭവം ഇന്നും മറക്കാനാവാത്ത ദുഃഖസ്മൃതിയായി തുടരുകയാണ്.
പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി. പൊട്ടലിനു പിന്നാലെ ഭീമമായ വെള്ളപ്പാച്ചിൽ ഏക്കറുകളോളം കൃഷിയിടങ്ങളും 12 വീടുകളും റോഡുകളും തകർന്നടിഞ്ഞു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ട് പേർക്ക് രക്ഷപ്പെടാനായില്ല.
മരിച്ചവരിൽ നരകക്കാനം സ്വദേശിയായ ജയ്സണിന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിട്ടില്ല. മറ്റു ജീവനക്കാരുടെ മൃതദേഹങ്ങൾ ആഴ്ചകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

പെൻസ്റ്റോക്ക് പൊട്ടുന്നതിന് മുൻപ് ചോർച്ച വർധിച്ചതോടെ പൊന്മുടി അണക്കെട്ടിൽ നിന്നുള്ള ഇൻടേക്ക് ഷട്ടർ അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് വാൽവ് ഹൗസിലെ ബട്ടർഫ്ലൈ വാൽവ് അടയ്ക്കാൻ എത്തിയ ജീവനക്കാരാണ് ദുരന്തത്തിൽ കുടുങ്ങിയത്. ആ നിമിഷങ്ങൾ ഇന്നും മനസിൽ പതിഞ്ഞുനിൽക്കുന്നതായി കെഎസ്ഇബി ജീവനക്കാരനായ ചന്ദ്രൻ കൈമളം ഓർമ്മിക്കുന്നു:18 വർഷങ്ങൾ പിന്നിട്ടിട്ടും പന്നിയാറിൽ ജീവൻ നഷ്ടമായവരുടെ ഓർമ്മകൾ കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ ഇന്നും വേദനയായി തുടരുന്നു.

ചരിത്രത്തിൽ പന്നിയാർ പോലൊരു പെൻസ്റ്റോക്ക് ദുരന്തം മുമ്പും ശേഷവും രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷാ സംവിധാനങ്ങളുടെയും അടിയന്തര ഇടപെടലുകളുടെയും അപാകതകളാണ് ജീവഹാനി വൻതോതിൽ വർധിക്കാൻ കാരണമായത് എന്നതാണ് പിന്നീട് വന്ന വിലയിരുത്തൽ.
പന്നിയാർ ദുരന്തം ഒരു ഓർമ്മ മാത്രം അല്ല, മുന്നറിയിപ്പുമാണ്. വൈദ്യുതി പദ്ധതികളിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും, ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ അടിയന്തര സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് സമൂഹവും വിദഗ്ധരും ആവർത്തിച്ചു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes