Latest News

പേറൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

 പേറൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജുവിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യമായ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ ചൊല്ലി ആനന്ദിന്റെ കുടുംബം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോഴത്തെ അന്വേഷണം ശക്തമാകാൻ കാരണമായത്. മരണത്തിന് പിന്നില്‍ ക്രൂരമായ പീഡനമാണെന്ന് ആരോപിച്ച് ആനന്ദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു . എസ്‌എപി ക്യാമ്പിൽ പരിശീലനത്തിനിടയിൽ മേലുദ്യോഗസ്ഥർ നല്‍കിയ അധിക്ഷേപവും മാനസിക പീഡനവുമാണ് ആനന്ദിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് കുടുംബം ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം. ജാതി അധിക്ഷേപം നേരിട്ടതായി ആനന്ദ് മരണത്തിന് മുൻപ് കുടുംബവുമായി പങ്കുവച്ചിരുന്നു.

ഇതിനിടയില്‍ സംഭവത്തില്‍ ഉത്തരവാദിത്തം ഇല്ലെന്ന് വ്യക്തമാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ഡിഐജിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. ബാരക്കില്‍ തന്നെ തുടരണമെന്ന് ആനന്ദ് എഴുതിത്തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആനന്ദിനെ നിരീക്ഷിക്കാന്‍ പ്രത്യേകമായി രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്നതും രേഖപ്പെടുത്തി. ആനന്ദിന്റെ സഹോദരൻ അരവിന്ദ് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൈയില്‍ ഉണ്ടായ മുറിവുകളെ ചൊല്ലിയുള്ള സംശയം ഇപ്പോഴും തുടരുന്നു. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിനില്‍ നിന്ന് ആനന്ദ് മോശമായ അനുഭവം നേരിട്ടിരുന്നു എന്നും, മരണത്തിന് മുൻപും ജാതി അധിക്ഷേപം സംബന്ധിച്ച വിവരം തനിക്ക് ഫോണ്‍ വഴി അറിയിച്ചിരുന്നുവെന്നും അരവിന്ദ് പറയുന്നു. സഹോദരൻ അരവിന്ദിന്റെ മൊഴി രണ്ടുദിവസത്തിനകം രേഖപ്പെടുത്തും. ബി കമ്പനി പ്ലാത്തൂണായി നിയമിച്ച ശേഷമായിരുന്നു ആനന്ദ് മാനസിക സമ്മര്‍ദ്ദം അനുഭവിച്ച തുടങ്ങിയത് എന്നാണ് സഹപ്രവർത്തകരുടെ നിരീക്ഷണം. മരണം ഗുരുതരമായ മാനസിക പീഡനങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവിച്ചതെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം വലിയ ചോദ്യചിഹ്നങ്ങളുയർത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍, സംഭവത്തിലെ മുഴുവന്‍ സത്യാവസ്ഥ പുറത്തുവരുമോയെന്ന് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes