ഇതിഹാസ അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു
ലണ്ടൻ: ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലണ്ടനിലെ വീട്ടിൽ ചികിത്സയിലായിരുന്ന ബേഡിന്റെ മരണവാർത്ത യോർക്‌ഷർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് സ്ഥിരീകരിച്ചത്. 23 വര്‍ഷം നീണ്ട അംപയറിങ് കരിയറില്‍ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും ബേഡ് നിയന്ത്രിച്ചിട്ടുണ്ട്.
1996 ല്‍ ബേഡ് നിയന്ത്രിച്ച അവസാന ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അരങ്ങേറ്റം കുറിച്ചത്. 1956ൽ യോർക്‌ഷർ ക്ലബ്ബിലൂടെ ബാറ്ററായി ക്രിക്കറ്റ് കരിയർ ആരംഭിച്ച ബേഡ് 1964ലാണ് വിരമിക്കുന്നത്. ക്ലബ്ബിനായി 93 മത്സരങ്ങളിൽ നിന്ന് 2 സെഞ്ചറിയടക്കം 3314 റൺസ് നേടി. പിന്നാലെ 1973ൽ അംപയറിങ്ങിലേക്ക് തിരിഞ്ഞു. മെംബർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ, ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

