കളമശ്ശേരിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ജുഡീഷ്യൽ സിറ്റി; മന്ത്രിസഭാ യോഗം അംഗീകാരം നൽകി
കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗ തീരുമാനിച്ചു. എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ ഭൂമിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി.2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം.
7 നിലകളുള്ള മുഖ്യ ടവർ, 6 നിലകളുള്ള മറ്റ് രണ്ട് ടവറുകൾ, 61 കോടതി ഹാളുകൾ, ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാർ ഓഫീസിന്റെയും സൗകര്യങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, ഐ.ടി വിഭാഗം, റിക്രൂട്ട്മെന്റ് സെൽ, ഇൻഫർമേഷൻ സെന്റർ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷക ചേംബർ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും കെട്ടിടനിർമ്മാണവും ഉൾപ്പെടെ 1000 കോടിയിലധികം ചെലവാകും. കേന്ദ്രസഹായം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. ഭരണഘടനയിലെ 14, 19, 21 ആർട്ടിക്കിളുകളുടെ തത്വങ്ങളെ സങ്കൽപ്പിച്ച് തുല്യതയും സ്വാതന്ത്ര്യവും നീതിന്യായ സംവിധാനത്തിലൂടെ ശക്തിപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
യാത്രാസൗകര്യവും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത്, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലപരിശോധനയ്ക്ക് ശേഷം കളമശ്ശേരിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് വിലയിരുത്തി. നിലവിലുള്ള ഹൈക്കോടതിയിലെ സ്ഥല പരിമിതിയെ മറികടക്കുന്നതിനായാണ് പുതിയ ജുഡീഷ്യൽ സിറ്റിയുടെ ആശയം മുന്നോട്ടുവന്നതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

