രാജ്യത്തെ 10 മത്സ്യയിനങ്ങൾക്ക് മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ സർട്ടിഫിക്കേഷൻ നടപടികൾ അവസാനഘട്ടത്തിലേക്ക്.
കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള അംഗീകാരമായ മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി തുടങ്ങി നിരവധി ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാകും.
എംഎസ്‌സി സർട്ടിഫിക്കേഷൻ നേടിയ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ 30% വരെ അധികവില ലഭിക്കുന്നുവെന്നും ഇതിലൂടെ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത ഉയരുമെന്നും എംഎസ്‌സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് സിഎംഎഫ്ആർഐ, സിഫ്ട്, സീഫുഡ് എക്‌സ്‌പോർട്ടേർസ് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണം ലഭിക്കുന്നുണ്ട്. ഭാവിയിൽ സുസ്ഥിര സർട്ടിഫിക്കേഷനു വേണ്ടിയുള്ള ഗവേഷണങ്ങൾക്കും സാമ്പത്തിക പിന്തുണക്കും കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുകയാണെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സീനിയർ ഉദ്യോഗസ്ഥൻ ഡോ. നീലേഷ് പവാർ അറിയിച്ചു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ രണ്ടാംഘട്ടത്തിലാണ് ഫണ്ട് വകയിരുത്തുക.
സുസ്ഥിര മത്സ്യബന്ധന രീതികൾ നടപ്പിലാക്കാനും അമിത മത്സ്യബന്ധനം കുറയ്ക്കാനുമുള്ള വലിയൊരു കരുത്തായിരിക്കും ഈ സർട്ടിഫിക്കേഷൻ. വിദേശ വിപണിയിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കുന്നതോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഭീഷണി മറികടക്കാൻ കഴിയും എന്നതാണ് വ്യവസായ രംഗത്തിന്റെ പ്രതീക്ഷ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും സീഫുഡ് എക്‌സ്‌പോർട്ടേർസ് അസോസിയേഷനനുമടങ്ങുന്ന വിവിധ ഏജൻസികളുടെ പിന്തുണയോടെയാണ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.

