ജനവാസമേഖലയിൽ വീണ്ടും പടയപ്പ; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു
ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ പടയപ്പയുടെ പരാക്രമം നടന്നത്. നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന സമീപ പ്രദേശത്തു തന്നെയുണ്ടെന്നും ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇടക്കിടെ കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളിൽ ആശങ്കയായി മാറിയിട്ടുണ്ട്.

