കരൂർ ദുരന്തത്തിൽ മരണം 41 ആയി

ചെന്നൈ: കരൂരില്‍ വിജയ്യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിജയ് എത്താൻ ഏഴോളം മണിക്കൂർ വൈകിയതോടെ ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കൂടി. ആയിരക്കണക്കിന് കുട്ടികൾക്ക് കുടിവെള്ളം ലഭിക്കാതെ വിഷമിക്കേണ്ടി വന്നു. ഇതുകണ്ട് വിജയ് പ്രസംഗം നിർത്തി ജനങ്ങളിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു നൽകുന്നതായ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ തുടർന്ന് ഉണ്ടായ തിരക്കും തിക്കിലും പലർക്കും ജീവഹാനിയായി.
ജനക്കൂട്ടത്തിൽ പലരും ചൂടും ഓക്സിജൻ ക്ഷാമവും കാരണം ബോധംകെട്ട് വീണു. നിലത്ത് വീണവർക്കുമേൽ മറ്റുള്ളവർ നടന്ന് കടന്ന സംഭവങ്ങൾ ഗുരുതര പരിക്കുകൾക്കും മരണത്തിനും കാരണമായി. വിജയ് തന്നെ പ്രസംഗം നിർത്തി ശാന്തത പാലിക്കണമെന്ന് ആഹ്വാനം ചെയ്തെങ്കിലും, ബസിന് ചുറ്റുമുണ്ടായിരുന്ന തിരക്ക് കാരണം ആംബുലൻസുകൾക്ക് പ്രവേശനം സാധ്യമാകാതെ പോയി. ഇതാണ് 41പേരുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് വിജയ് സാമൂഹ്യമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാരും വിജയിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.