Latest News

‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

 ‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, കേരളം എന്നും പലസ്‌തീൻ ജനതയ്‌ക്കൊപ്പമെന്നു വ്യക്തമാക്കി. യുഎസ് പിന്തുണയോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അട്ടിമറിച്ച് ഇസ്രായേല്‍ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ത്തുവെന്നും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലസ്തീന്‍ ജനത നേരിടുന്ന അധിനിവേശവും ദുരിതങ്ങളും വിശദീകരിച്ച അംബാസഡര്‍, കേരളത്തിന്റെ പിന്തുണ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൂടുതല്‍ രാജ്യങ്ങളില്‍നിന്നും ഐക്യദാര്‍ഢ്യം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2-ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാന്‍ ഇടത് മുന്നണി ഒരുങ്ങുന്നു. അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷാണ് മുഖ്യാതിഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇടത് മുന്നണിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes