റാലിക്കെത്താൻ മനഃപൂർവം വൈകി, അനുമതിയില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി: കരൂർ ദുരന്തത്തിൻ്റെ എഫ്ഐആറിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

കരൂർ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ റാലിക്കെത്താൻ വിജയ് മനപൂർവം വൈകിയെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും ആണ് എഫ്ഐആറിൽ പറയുന്നു. . ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ടിവികെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നും പൊലീസ് എഫ്ഐആറിൽ പരാമർശിക്കുന്നു.
ടിവികെ നേതാക്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും സുരക്ഷ സേനക്ക് നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.മൂന്ന് മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തി. നാല് മണിക്കൂര്‍ പരിപാടി വൈകിപ്പിക്കുകയും പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
ഞായറാഴ്ചയാണ് കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി അടിയന്തരമായി മദ്രാസ് ഹൈക്കോടതി പരിഗണിച്ചില്ല.