സമുദ്ര മത്സ്യമേഖലയിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം; പ്രഖ്യാപനവുമായി കേന്ദ്ര ഫിഷറീസ് സെക്രട്ടറി

മത്സ്യബന്ധന വിവരശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.
വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു. അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം, കയറ്റുമതി വിപണികളിൽ അർഹമായ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ‘പാസ്പോർട്ടാണ് ഈ ശാസത്രീയ ഡേറ്റ. ഏകദേശം 36000 മത്സ്യബന്ധനയാനങ്ങലിൽ പ്രധാനമന്ത്രി മത്സ്യ സമ്പത്ത യോജനയുടെ കീഴിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൂര മത്സ്യബന്ധനത്തിനുള്ള ആഗോള ക്വാട്ട സംവിധാന പുനർ നിശ്ചയിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ട്യൂണയുടെ ഗുണനിലവാരം സംരക്ഷിക്കാനും, കേടുപാടില്ലാതെ സൂക്ഷിക്കാനും ആഗോള വിപണിയിൽ ഇന്ത്യൻ ട്യൂണയുടെ ആവശ്യകത വർധിപ്പിക്കാനും ട്യൂണ കയറ്റുമതിയിൽ കോൾഡ് ചെയിൻ സംവിധാനം കൊണ്ടുവരണം. ഈ സംവിധാനം കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാൻ, ഫ്രാൻസ്, തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലെ വിവിധ തീരദേശ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 ഫിഷറീസ് ഉദ്യോഗസ്ഥരുമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. ഐഒടിസി സെക്രട്ടേറിയറ്റ് അംഗം ലോറൻ നെൽസൺ, സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സിഎംഎൽആർഇ) മേധാവി ഡോ ആർ എസ് മഹേഷ്കുമാർ, എഫ്എസ്ഐ ഡയറക്ടർ ജനറൽ ഡോ ശ്രീനാഥ് കെ ആർ, നിഫാറ്റ് ഡയറക്ടർ ഡോ ഷൈൻ കുമാർ സി എസ്, സിഫ്നറ്റ് ഡയറക്ടർ ഡോ എം ഹബീബുള്ള, എഫ് എസ് ഐ സോണൽ ഡയറക്ടർ ഡോ സിജോ വർഗീസ് എന്നിവർ സംസാരിച്ചു.