Latest News

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

 രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ വധഭീഷണിയെ തുടർന്ന് നിയമസഭയിൽ കനത്ത രാഷ്ട്രീയ സംഘർഷം. സർക്കാർ നടപടി സ്വീകരിക്കാത്തത് ബിജെപി–സിപിഐഎം കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കും എന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പിണറായിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ ഉടൻ കേസ് എടുത്ത് അറസ്റ്റ് ചെയ്യുന്ന സർക്കാരാണ് ബിജെപി നേതാവിനെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് അടിയന്തര പ്രമേയത്തിന് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യം സ്പീക്കർ തള്ളി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി.

സംസ്ഥാനത്തുടനീളം കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധങ്ങൾ നടന്നു. “രാഹുൽ ഗാന്ധിയെ വെടിവെക്കും എന്ന് പറഞ്ഞ സംഭവം നിസ്സാരമാണോ?” എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. സംഭവത്തെ നിസ്സാരമാക്കുന്ന സർക്കാരിന്റെ സമീപനം വിചിത്രമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. “സർക്കാർ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം ബിജെപി വക്താവ് ഭീഷണി ആവർത്തിച്ചിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സർക്കാർ ബിജെപി നേതാവിന് സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ചു. സ്പീക്കർ രാഹുൽ ഗാന്ധിയുടെ പേര് പോലും പരാമർശിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹത്തിന്റെ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും സണ്ണി ജോസഫ് വിമർശിച്ചു.

അതേസമയം, വധഭീഷണി അംഗീകരിക്കാനാകാത്ത കാര്യമാണ് എന്ന് മന്ത്രി എം. ബി. രാജേഷ് വ്യക്തമാക്കി. സർക്കാർ അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഒരുതരത്തിലും ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായപ്രകടനമാണ് നടന്നത് എന്നും എം. ബി. രാജേഷ് വ്യക്തമാക്കി.
ഗൗരവമായി കാണുന്നുണ്ടായിരുന്നെങ്കിൽ വിഷയം ഇന്നലെ തന്നെ അടിയന്തര പ്രമേയമായി ഉന്നയിക്കാമായിരുന്നു. പരാതി പോലും നാല് ദിവസം വൈകിയാണ് നൽകിയതെന്ന്’” മന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes