Latest News

തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം

 തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം

ജീവിതയാത്രയിലെ കുറെ നല്ല നാളുകൾ മാറിമറഞ്ഞു എല്ലാവരും എത്തിപ്പെടുന്ന ജീവിതയാത്രയിലെ മറ്റൊരു ഘട്ടമാണ് വാർദ്ധക്യം. അതുകൊണ്ടുതന്നെ വയോജനങ്ങൾക്കു താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. 1991 ഒക്ടോബർ 1 നാണ് മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്. അവർക്കായി ഒരു ദിനം…

നമ്മുടെ പൂർവികർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണുപ്പും, തണലും. എന്നാൽ പുതുതലമുറയിലെ പച്ചയായ യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. വാർദ്ധക്യത്തിലെത്തിയവർക്ക് വേണ്ടവിധം പരിഗണന നൽകാതെ അവരെ ഉപയോഗ്യ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്. വൃദ്ധ സദനങ്ങളിലോ മറ്റു സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല.

മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കുവാനായി നിത്യവരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും അവസാനത്തെ തുട്ട് ചിലവഴിച്ചും കുടുംബസ്വത്തു വിറ്റും അവരെ നന്നായി മാതാപിതാകകൾ പഠിപ്പിച്ചു. എന്നാല്‍, ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ച്, വലിയവരുമാനം നേടിയ മക്കള്‍ മാതാപിതാക്കള്‍ ഒരുക്കിത്തന്ന സൗകര്യങ്ങൾ ഞൊടിയിടയിൽ മറക്കുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കൾ കടുത്ത ഒറ്റപ്പെടലും മനസികസമ്മർദവും അനുഭവിക്കുന്നുണ്ട്. മാതാപിതാക്കളെയും പ്രായമായവരെയും നിഷ്‌കരുണം ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ ഉപേക്ഷിച്ച് കടന്ന സംഭവങ്ങളുമുണ്ട്. വാർദ്ധക്യത്തിലെത്തുമ്പോൾ ഡിമെൻഷ്യ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഒപ്പം സ്വഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആ സന്ദർഭങ്ങളിലെല്ലാം അവർ ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യവും കരുതലുമാണ്. എന്നാൽ ദിനംപ്രതി വർധിച്ചുവരുന്ന തിരക്കേറിയ ജീവിതത്തിൽ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാനോ കരുതുവാനോ അവർക്ക് സമയമില്ല എന്നതാണ് വാസ്തവം.
വയോജനങ്ങൾ ഒരിക്കലും ഭാരമല്ല, പകരം അവർ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes