ഓപറേഷന് സിന്ദൂര്‍; അഞ്ച് വിമാനങ്ങള്‍ തകർത്തു, അവകാശ വാദങ്ങളുമായി വ്യോമ സേനാ മേധാവി

ഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അവകാശവാദങ്ങള്‍ വീണ്ടും ഉയർത്തിയത്.
ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജാക്കോബോബാദ് എയര്‍ബേസിലെ എഫ് 16 ഹാങ്കര്‍ അടക്കം തകര്‍ത്തു. ഹാങ്കറില്‍ ഉണ്ടായിരുന്നത് ഉള്‍പ്പടെ 10 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായിട്ടുണ്ടെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ അവസാനിപ്പിക്കാനും സാധിച്ചു.ഇന്ത്യുടെ നടപടികള്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നമ്മുടെ സ്വന്തം ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നു എന്നും വ്യോമ സേനാ മേധാവി അവകാശപ്പെട്ടു.