പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ കവാടം ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചത്. 1999-ൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയ കവാടത്തിന്റെ അടിഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന്, പുതിയ കവാടം നൽകാമെന്ന വാഗ്ദാനമാണ് ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവച്ചത്. ഇപ്പോൾ സന്നിധാനത്ത് ജയറാം അടക്കമുള്ളവർ പൂജിച്ച കവാടമാണ് നിലകൊള്ളുന്നത്. വിജയ് മല്യ സമർപ്പിച്ച കവാടം നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം നേരത്തെ പുറത്തുവന്നിരുന്നു.
ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിലാണ് കവാടം പൂജയ്ക്കായി ഒരുക്കിയത്. ജയറാം പൂജ ചെയ്യുന്ന സ്വപ്നം കണ്ടതായി പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി നടനെ സമീപിച്ചത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി പരിചയമില്ല, ശബരിമലയിൽ കണ്ടുമുട്ടിയ പരിചയം മാത്രമാണ് എന്ന് നടൻ ജയറാം പിന്നീട് വ്യക്തമാക്കിയിരുന്നു.
2019 മാർച്ച് 10-നാണ് പുതിയ കവാടം ശബരിമലയിൽ എത്തിച്ചത്. 2017-ൽ മണികളും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. ഘോഷയാത്രയായി കൊണ്ടുവന്ന കവാടത്തിന് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകിയ ശേഷമാണ് സന്നിധാനത്ത് എത്തിച്ചത്. ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ, ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കവാടം ക്ഷേത്രത്തിൽ എത്തിക്കുന്നതിനും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചതും വാസുദേവനാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.