രണ്ടു വയസു വരെ കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ചു കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു.
മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിനു കാരണമെന്നു ആരോപിക്കുന്ന കഫ് സിറപ്പുകളിൽ പ്രശ്ങ്ങളൊന്നുമില്ലെന്ന്മധ്യപ്രദേശ് സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

