ബിഹാർ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാരുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ കർശന നടപടികൾ

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ ഐഡൻറ്റിറ്റി ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ സ്ത്രീകളുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബുർഖ ധരിച്ച് വോട്ടുചെയ്യാൻ വരുന്ന സ്ത്രീകളെ തിരിച്ചറിയുന്നതിനായി അംഗൻവാടി ജീവനക്കാരുടെ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്ന സ്ത്രീ വോട്ടർമാരെ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
സ്ത്രീകൾ മുഖം മറച്ച് വോട്ട് ചെയ്യാൻ വരുന്നതിനെതിരെ രാഷ്ട്രീയ നേതാക്കൾ മുൻപ് എതിർപ്പുകൾ ഉന്നയിച്ചിരുന്നു. തിരിച്ചറിയൽ പ്രക്രിയയിലെ ബുദ്ധിമുട്ടുകളാണ് അവർക്കുള്ള പ്രധാന ആശങ്ക. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ ഉടൻ നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ബൂത്തുകളിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ടിംഗ് സംബന്ധിച്ച പരാതികളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ നടപടികൾ ആരംഭിക്കുന്നത്. ശിരോവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയാനും പരിശോധിക്കാനും എല്ലാ ബൂത്തുകളിലും അംഗൻവാടി ജീവനക്കാരെ നിയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.