കൊളംബോ-ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, അറിഞ്ഞത് ലാൻഡ് ചെയ്ത ശേഷം.

ചെന്നൈ:ചെന്നൈ-കൊളമ്പോ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി.
ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പക്ഷിയിടിച്ചത്. തുടർന്ന് ഉടനടി റണ്‍വേയിൽ നിന്ന് മാറ്റി പരിശോധന തുടർന്നു. എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. എഞ്ചിൻ ബ്ലേഡിൽ തകരാർ കണ്ടെത്തി. തുടർന്ന് വിമാനത്തിന്റെ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ, മറ്റൊരു വിമാനം ക്രമീകരിച്ചു. വിമാനം 137 യാത്രക്കാരുമായി കൊളംബോയിലേക്ക് പറന്നു.
കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതോടെ വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.