Latest News

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമസാധ്യതയില്ല: കേന്ദ്രം ഹൈക്കോടതിയിൽ

 മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമസാധ്യതയില്ല: കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളൽ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയനിർദ്ദേശങ്ങൾ മാത്രമേ നൽകൂ. വായ്പാ തീരുമാനങ്ങൾ എടുക്കേണ്ടത് ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമായതിനാൽ കേന്ദ്രം നേരിട്ട് ഇടപെടാനാകില്ലെന്നും 2015ലെ തീരുമാനം അതിനുള്ള അടിസ്ഥാനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തനിവാരണ നിയമപ്രകാരം പോലും ബാങ്കുകൾക്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വായ്പ എഴുതിത്തള്ളൽ സാധ്യമാണെന്നും കേരള ബാങ്ക് ഇതിനകം അതിന് മാതൃകയാകുന്ന നിലപാട് സ്വീകരിച്ചുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. മറ്റ് ബാങ്കുകൾക്കും ഈ മാതൃക പിന്തുടരാമായിരുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളൽ അസാധ്യമാണ്, മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പ പുനഃക്രമീകരണം നടത്താനാണ് കഴിയുകയെന്ന നിലപാടിലാണ് കേന്ദ്രം ഉറച്ചുനിൽക്കുന്നത്. ഈ നിലപാടിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ എൽബിസി യോഗം വായ്പ എഴുതിത്തള്ളണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചതായും സംസ്ഥാന സർക്കാർ രേഖകളോടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് വായ്പ എഴുതിത്തള്ളൽ അനുവദിക്കുന്നതായിട്ടുണ്ടെങ്കിലും, അത് പ്രായോഗികമല്ലെന്ന നിലപാടിലാണ് കേന്ദ്രം ഇപ്പോഴും തുടരുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സത്യവാങ്മൂലം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes