തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ

റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നതിനോടൊപ്പം ഇരു വരും തമ്മിലുള്ള കരാർ ഡിജിറ്റൽ രേഖയാക്കി മാറ്റും. ശമ്പളം നൽകാതിരിക്കുക,തൊഴിൽ കരാർ ഉടമ ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ഏകീകൃത ലീസ് കരാർ, വാഹന ലീസിംഗ് കരാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥി രജിസ്ട്രേഷൻ കരാർ തുടങ്ങിയവയും പുതിയ നയത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഈ രേഖകളും ഇനി മുതൽ ഡിജിറ്റിലൈസ് ചെയ്യും. പുതിയ കരാറിലൂടെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാനും തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.