ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം: വാട്ടർ മെട്രോ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകി. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിക്കുകയും കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടർ മെട്രോയിലൂടെ കേരളം കൈവരിക്കുന്നത്. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുന്നു.കൂടുതൽ ടെർമിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കടമക്കുടിയിലെ ടെർമിനൽ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
38 കോടി രൂപ ചെലവിലാണ് മട്ടാഞ്ചേരിയിലും വെല്ലിങ്ടൺ ഐലൻഡിലും പുതിയ ടെർമിനലുകൾ നിർമിച്ചത്. ഡച്ച് പാലസിന് അടുത്താണ് മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷൻ. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷൻ ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്താണ്. പഴയ ഫെറി ടെർമിനലിന് അടുത്താണ് വെല്ലിങ്ടൺ ഐലൻഡിലെ വാട്ടർ മെട്രോ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ചരിത്ര പൈതൃകം കൂടി ഉൾക്കൊണ്ടാണ് പുതിയ വാട്ടർ മെട്രോ ടെർമിനലുകളുടെ രൂപകല്പന. വേലിയേറ്റ പ്രശ്നങ്ങൾ സർവീസിനെ ബാധിക്കാതിരിക്കാൻ കായലിലേക്ക് ഇറക്കിയാണ് രണ്ടിടത്തും ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വാട്ടർ മെട്രോയിൽ വെല്ലിങ്ടണിലിലേക്ക് പോയി.