കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു;ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്.
രാത്രി അര്‍ച്ചനയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അര്‍ച്ചനയേയും കുട്ടികളേയും ശിവകൃഷ്ണന്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികിൽ നിൽക്കുകയായിരുന്നു ശിവകൃഷ്ണൻ. ഇയാളും കിണറ്റിലേക്ക് വീണു. അപകട സമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം