Latest News

ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

 ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയെ വലിയ തോതിൽ ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റുകളിൽ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതിനെതിരെ സംസ്ഥാന സർക്കാർ പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും, കേന്ദ്ര ധനകാര്യ വകുപ്പ് അതിനെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും ജിഎസ്‌ടി കൗൺസിലിനോട് നിരക്കിൽ വർധന വരുത്തരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എങ്കിലും കേന്ദ്രസർക്കാർ അവയെല്ലാം നിരാകരിച്ചു. അതാണ് ലോട്ടറി മേഖലയിൽ ഇന്നുണ്ടായ പ്രതിസന്ധിക്ക് കാരണം,” എന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, തൊഴിൽ ചെയ്യാൻ കഴിയാത്തവരുടെയും ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്നവരുടെയും ജീവിതം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായി, ജിഎസ്ടി 40 ശതമാനമായി ഉയർന്നിട്ടും ഭാഗ്യക്കുറി ടിക്കറ്റ് വില 50 രൂപയായി തന്നെ നിലനിർത്താനാണ് സർക്കാർ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഓരോ ടിക്കറ്റിനും സർക്കാരിന് 3.35 രൂപയുടെ റവന്യൂ നഷ്ടം സംഭവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നറുക്കെടുപ്പിൽ ഏകദേശം 3.35 കോടി രൂപയുടെ വരുമാന നഷ്‌ടമാണ് ഉണ്ടാകുന്നത്. വില വർധന ഒഴിവാക്കുന്നതിനായി സർക്കാർ പ്രവർത്തന മിച്ചം, ഏജന്റ്‌ ഡിസ്കൗണ്ട്, ഏജൻസി സമ്മാനം, സമ്മാന തുക എന്നിവയിൽ നേരിയ കുറവുകൾ വരുത്തിയിട്ടുണ്ട്. ആകെ വിറ്റുവരവിന്റെ 60 ശതമാനം സമ്മാനമായി നൽകുന്ന നില തുടരുകയാണെന്നും, ഏജൻ്റുമാരുടെയും ലോട്ടറി തൊഴിലാളികളുടെയും ജീവിതം ബാധിക്കാത്ത രീതിയിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes