ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി

കൊച്ചി: ക്രിസ്ത്യൻ അടയാളങ്ങൾക്കും സ്ഥാപനങ്ങൾക്കുക്കും നേരെയുള്ള തുടർച്ചയായ അക്രമങ്ങൾക്ക് പിന്നിൽ സംഘടിതമായ ഗൂഡാലോചനയെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി. കഴിഞ്ഞ ദിവസം സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബിൻ്റെ പേരിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിൻ്റെ ഭാഗമാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ.റ്റി. തോമസ് എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സ്കൂളിലെ ഹിജാബ് വിവാദത്തിൽ യാതോരു ബന്ധവുമില്ലാത്ത കുറെ ആളുകൾ കടന്നു വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂൾ രണ്ടു ദിവസം അടച്ചിടേണ്ടി വന്നതിലും ഗൂഡാലോചന ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ കഴിഞ്ഞ മാസം കളമശ്ശേരി സെൻ്റ് തോമസ് ഭവൻ്റെ മതിൽ എഴുപത്തിയഞ്ചോളം ആളുകൾ ചേർന്ന് പൊളിച്ച് കടന്നു കയറി അവിടെ രണ്ടു പ്രീ ഫാബ്രിക്കേറ്റഡ് ‘ വീടുകൾ സ്ഥാപിച്ചു. ഈ ഭീകരാക്രമണത്തിൽ ഒരന്വേഷണം നടത്താനോ കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനോ പോലീസ് ശ്രമിച്ചിട്ടില്ലയെന്ന് കെ.റ്റി. തോമസ് പറഞ്ഞു. പാതിരാത്രിയിൽ ജെസിബിയും ക്രെയിനും ടോറസ്സ് ലോറികളും എഴുപത്തിയഞ്ചോളം ആളുകളും ചേർന്ന് നടത്തിയ ആക്രമണത്തിൽ കേരള സർക്കാരിൻ്റെ മൗന സമ്മതം ഇതിൻ്റെ പിറകിലുണ്ടെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കേറേഷനിൽ 19-ാം വാർഡിൽ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ച് നാമകരണം ചെയ്ത സെൻ്റ് അഗസ്റ്റിൻ കോൺവെൻ്റ് റോഡിൻ്റെ പേര് കാരണമില്ലാതെ മാറ്റാൻ 19-ാം ഡിവിഷൻ കോർപറേഷൻ കൗസിലർ നടപടി ആരംഭിച്ചത് നാഷണൽ പീപ്പിൾസ് പാർട്ടി തടയാൻ ശ്രമിച്ചിരുന്നു. ക്രിസ്ത്യൻ അടയാളങ്ങൾക്കും സ്ഥാപനങ്ങൾക്കു നേരെയുള്ള തുടർച്ചയായ ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ ഒരു സംഘടിതമായ ഗൂഡാലോചന ഉണ്ട് എന്ന് സംശയിക്കാൻ ഇടയാക്കുന്നു. അതിനാൽ സർക്കാർ ബോധപൂർവമുള്ള ആലസ്യം വെടിഞ്ഞ് നിഷ്പക്ഷമായി ഉണർന്നു പ്രവർത്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കേരളം ഭാവിയിൽ ദേശവിരുദ്ധശക്തികളുടെ താവളമായി മാറുന്നതിന് മുൻപ് ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കാനും ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആശങ്കകൾ അകറ്റാനും കേരള സർക്കാറിനോട് നാഷണൽ പീപ്പിൾസ് പാർട്ടി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ.റ്റി. തോമസ്, എറണാക്കുളം ജില്ലാ പ്രസിഡൻ്റ് സാബു പനങ്ങാടൻ, ജനറൽ സെക്രട്ടറി ജോഷി കൈതവളപ്പിൽ , എറണകുളം ജില്ലാ വനിത പ്രസിഡൻ്റ് ദയ വിനോദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.