അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ പാക് ആക്രമണത്തിൽ 12 സാധാരണക്കാർ മരിച്ചെന്നും നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു.
അതേസമയം അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഇന്ത്യ രേഖപ്പെടുത്തിയിട്ടില്ല. സംഘർഷം എങ്ങോട്ട് നീങ്ങുന്നത് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകളാണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ താലിബാനെ ഐക്യദാർഢ്യം അറിയിച്ചു.