ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ:അധ്യാപിക രാജി വയ്ക്കക്കണം; പ്രതിഷേധവുമായി വിദ്യാർഥികൾ

പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. അധ്യാപികയുടെ മാനസിക പീഡനമാന് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്’അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു.
അര്‍ജുന്റെ മരണത്തിനിടയാക്കിയ സംഭവം നടക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക ഇതേ വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്ന ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.
അതേസമയം, ആരോപണങ്ങൾ പൂർണമായും സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിന്നു. അധ്യാപിക സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിന് പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്തിയെന്നും സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും പ്രധാനധ്യാപിക പറഞ്ഞു.