സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ചെന്താമര ചെയ്തതായി തെളിഞ്ഞു.
ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു.
എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. 2025 ഓഗസ്റ്റ് 4നാണ് കേസിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. 68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്.ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
2019 ഓഗസ്റ്റ് 31നാണ് ചെന്താമര അയൽവാസിയായിരുന്ന സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു.