ഹിജാബ് വിവാദം; സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി: കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്ന് വി ശിവന്‍കുട്ടി
കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി. സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവും കുട്ടിയ്ക്ക് ഉണ്ടെന്നും സ്കൂൾ അധികൃതർ കുട്ടിയെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും അതാണ് വലിയ വിരോധാഭാസവുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

