Latest News

നവംബർ ഒന്നു മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈക്കോ

 നവംബർ ഒന്നു മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈക്കോ

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 250 കോടി രൂപ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും.

ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറം ബിസിനസ് സ്ഥാപനമായി സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes