സീപോർട്ട്-എയര്‍പോർട്ട് റോഡ് നിർമ്മാണം: എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി കൈമാറി; മന്ത്രി പി രാജീവ്

കൊച്ചി : സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ് അറിയിച്ചു. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍
കുറിപ്പില്‍ പറഞ്ഞു.
ഡിഎസ്ഒആര്‍ 2018 പ്രകാരം എച്ച്എംടി-എന്‍എഡി ഭാഗത്തെ റോഡ് നിര്‍മാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നല്‍കി. എന്നാല്‍ ഡിഎസ്ഒആര്‍ 2021 നിലവില്‍ വന്നതിനാല്‍ പുതുക്കിയ ഭരണാനുമതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അത് ലഭ്യമായ ശേഷം ഈ ഭാഗത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഇരുമ്പനം മുതല്‍ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് പദ്ധതി, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ സൗകര്യമൊരുക്കുന്നതുമായ പാതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.