തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ അമ്പരിപ്പിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്.
ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റര്‍ സബീന പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്നതിനുമുന്പ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സിസ്റ്റർ സബീനയെ ഹര്‍ഡില്‍സ് ട്രാക്കില്‍ വീണ്ടുമെത്തിച്ചത്.