ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് ഐഎംഎഫ്; 2025-26 സാമ്പത്തിക വർഷം 6.6% നിരക്കിലാകും
ഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് അന്താരാഷ്ട്ര നാണയ നിധി. 2025-26 ൽ ഇന്ത്യ 6.6% നിരക്കിൽ വളരുമെന്നും വിപണികളിലും വികസ്വര സമ്പദ്വ്യവസ്ഥകളിലും ഒന്നാമതെത്താനുള്ള സാധ്യതയുണ്ടെന്നാണ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചു ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ. 4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
അതേ സമയം ആദ്യപാദത്തിലെ വളർച്ചാ നിരക്കിൽ കുറവുവരാനുള്ള ചില സാധ്യത നിലനിക്കുന്നുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പം കുറയുന്നത് തുടരും. എന്നാൽ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ വരാം. വികസിത സമ്പദ്വ്യവസ്ഥകളിൽ ശരാശരി 1.6% വളർച്ചാ നിരക്കും, വികസ്വര സമ്പദ്വ്യവസ്ഥകളിൽ 4.2% വളർച്ചാ നിരക്കും പ്രതീക്ഷിക്കുന്നു, 2026 ൽ 0.2% മാന്ദ്യവും പ്രവചിക്കുന്നു.
ഇന്ത്യ അതിവേഗ വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും, ആഗോള വളർച്ച 2024-ൽ 3.3% ആയിരുന്നത് 2026-ൽ 3.2% ആയി കുറയും. തൊഴിൽ മേഖലയിലെ അനിശ്ചിതത്വം, തൊഴിൽ വിതരണത്തിലെ പ്രതിസന്ധികൾ, സ്ഥാപനങ്ങളുടെ തകർച്ച, വിപണിയിലെ മാറ്റങ്ങൾ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

