ലഹരിക്കേസ്: പ്രയാഗയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കും നോട്ടീസ്
കൊച്ചി: ലഹരിക്കേസില്‍ പ്രയാഗ് മാർട്ടിന് പിന്നാലെ നടന് ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. രാവിലെ 11 ന് ഹാജരാകണം. നേരത്തേ നടി പ്രയാഗാ മാര്‍ട്ടിനും നോട്ടീസ് നല്‍കിയിരുന്നു.
ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. എന്നാല്‍ ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു.
ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്ട്ടിന്, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.