‘ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്
ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്സി സർവ്വീസ് ‘ഭാരത് ടാക്സി’ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക, യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും സുതാര്യവുമായ ബദൽ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓല, ഊബർ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഭീമമായ കമ്മീഷൻ ഈടാക്കി ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ‘ഭാരത് ടാക്സി’യുടെ പ്രവർത്തനം ആരംഭിച്ചത്.
ഡിസംബറോടെ രാജ്യത്തെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക. അധികൃതർ അറിയിക്കുന്നത്. ഭാരത് ടാക്സി ഓടിക്കുന്ന ഡ്രൈവർമാർ സാരഥികളെന്ന പേരിൽ അറിയപ്പെടും. ആദ്യഘട്ടത്തിൽ 650 ഡ്രൈവർമാർ ഇതിൽ പങ്കാളികളാകുമെന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷണഘട്ടം വിജയിച്ചാൽ ഡിസംബറോടെ ഭാരത് ടാക്‌സി പൂർണസജ്ജമായി നിരത്തിലിറങ്ങും. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും ടാക്സി സർവീസ് വ്യാപിപ്പിക്കും.

