ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് റാന്നി കോടതിയിൽ എത്തിച്ചത്. 4 ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും.
സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നാഗേഷ് എന്ന പേര് പറഞ്ഞതെന്നാണ് എസ്‌ഐടിയുടെ നിഗമനം. അതേസമയം, രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. 1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.

