Latest News

ഗാസയിൽ ഇസ്രയേൽ ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

 ഗാസയിൽ ഇസ്രയേൽ ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോ​ഗ്യ മന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിൻ്റെ വാദം. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

ഒരു സൈനികനെ കൊന്നതിന് പ്രതികാരമായി ഇസ്രയേൽ തിരിച്ചടി നടത്തിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. എന്നാൽ നിലവിലെ ആക്രമണം വെടിനിർത്തലിന് ഭീഷണിയാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് നല്ല രീതിയിൽ പെരുമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.


വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം എന്നാണ് റിപ്പോർട്ട് ഗാസ സിറ്റി, വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ, ​ഗാസ മുനമ്പിൻ്റെ മധ്യഭാ​ഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ കനത്ത സ്ഫോടന ശബ്ദങ്ങൾ ഉണ്ടായതായും തീയും പുകയും ഉയർന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണങ്ങളിൽ 46 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ ആകെ 104 പേർ കൊല്ലപ്പെട്ടതായും 250ലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇസ്രയേൽ അക്രമണങ്ങളെ ഐക്യരാഷ്ട്ര സഭയും അപലപിച്ചു. വെടിനിർത്തലിനെ ദുർബലപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ എല്ലാ നടപടികളെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് വിമർശിച്ചു. വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ യുഎസ് വലതുപക്ഷ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (CAIR) ശക്തമായ ഭാഷയിൽ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes