ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാർത്ത വ്യാജം: ഏഴ് ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണം; നിയമനടപടിക്ക് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കർണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാർത്തയിൽ നിയമനടപടിയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത വ്യാജമാണെന്നും ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായും ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 9 പേർക്കെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് നൽകിയതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഏഴ് ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി മറിച്ച് വിറ്റന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമിയാണ് മറിച്ച് വിറ്റത്. 175 ഏക്കർ ഭൂമി 319 കോടി രൂപയ്ക്കാണ് മറിച്ച് വിറ്റതെന്നും ആരോപണമുണ്ട്.
രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിക്കും കർണാടക ഹൈക്കോടതിക്കും പരാതി നൽകിയിരുന്നു.തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ കോടതിയിൽ ആവശ്യപ്പെട്ടു.

