സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കം
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് നൽകിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്.
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 4 ന് തുടക്കം കുറിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. എന്യൂമറേഷന്‍ ഫോമിന്റെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം എസ്‌ഐആറിനെ കോണ്‍ഗ്രസും ഇടതുപക്ഷവും എതിര്‍ക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

