സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷന്; കരട് വിജ്ഞാപനമായി
 
			
    തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90, KL 90 Dസീരീസിലാണ് രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക.
സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്ട്രേഷന്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്ട്രേഷന് നമ്പറുകള്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ KL 90B, KL 90F രജിസ്ട്രേഷനിലാണ് രജിസ്റ്റര്‍ ചെയ്യുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്ട്രേഷന് കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്ട്രേഷന് നല്‍കും. ഈ രജിസ്ട്രേഷനുകളിൽ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിൽക്കുമ്പോൾ നിര്‍ബന്ധമായും വാഹന രജിസ്ട്രേഷന് മാറ്റണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.


 
														 
														 
														 
														 
														