2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്
തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി. ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ബഹുമതി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തീവ്രമായ നിലപാട് രേഖപ്പെടുത്തുമ്പോഴും, ഭാവനാപരവും മാനുഷികവുമായ ആഴം കൈവിടാത്ത കവിതകളാണ് ശങ്കരപ്പിള്ളയുടെ സൃഷ്ടികൾ എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള കവിതയെ സമ്പന്നമാക്കുന്നതിൽ അദ്ദേഹം നല്‍കിയ സംഭാവന അതിവിശിഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1947ൽ കൊല്ലം ചവറയിൽ ജനിച്ച കെ.ജി. ശങ്കരപ്പിള്ള, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കൊല്ലം എസ്.എൻ. കോളേജിൽ പഠനം നടത്തി. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാള അധ്യാപകനായും പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രധാന പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.കൊച്ചിയിലെ വൃക്ഷങ്ങൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1998ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

