തെലങ്കാനയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേർക്ക് ദാരുണാന്ത്യം;
ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു. 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർ എന്നിവരും അപകടത്തിൽ മരിച്ചു.പരിക്കേറ്റവർ സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റവരെ ചെവെല്ല ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും നിര്‍ദ്ദേശിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ചെവല്ല-വികരാബാദ് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.

