‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ വെബ്സൈറ്റ് പ്രകാശനം ചെയ്തു
പത്തനംതിട്ട : കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രക്ഷണം
കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് ഈ തിങ്ക് ഫെസ്റ്റ് വഴി തുറക്കുമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളും യുവജനങ്ങളുടെ നൂതന ആശയങ്ങളും പങ്കുവെക്കാനുള്ള സുപ്രധാന വേദിയായി ഈ ഫെസ്റ്റ് മാറുമെന്നും മന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യം, പൊതുഗതാഗതം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, ന്യൂ എനർജി, വ്യവസായം, സ്പോർട്സ്, കൃഷി എന്നീ പത്ത് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക. വെബ്സൈറ്റ് ലോഞ്ചോടുകൂടി തിങ്ക് ഫെസ്റ്റിനായുള്ള രജിസ്ട്രേഷനും ആശയങ്ങൾ സമർപ്പിക്കാനുള്ള സംവിധാനങ്ങളും ആരംഭിച്ചു. ‘ജോയിൻ അസ് ‘ക്യാമ്പയിനിലൂടെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കും. കേരളത്തിന്റെയും അവർ പ്രവർത്തിക്കുന്ന മേഖലയുടെയും വികസനത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്താൻ അവസരമുണ്ടാകും. .പരിപാടിയുടെ സമാപനസമ്മേളനം 2026-ൽ ആയിരിക്കും.
കേരളം കൈവരിച്ച നേട്ടങ്ങളും, മുന്നിലുള്ള വെല്ലുവിളികളും, സ്വീകരിക്കേണ്ട വികസന വഴികളും ചർച്ച ചെയ്യുന്ന ‘ചാപ്റ്റർ ഇവന്റുകൾ’ ഡിസംബർ മാസത്തിൽ 10 ജില്ലകളിലായി നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും.
പരിപാടിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫഷണൽ സബ്കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആഷിഖ് ഇബ്രാഹിംകുട്ടി, വിനീത് കുമാർ, ഡോ ജയമോഹൻ എന്നിവരും പരിപാടിയുടെ ഭാഗമായി.

