കിഫ്ബി @25: 90,562 കോടിയുടെ പദ്ധതികൾ
നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി.പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലായിടത്തും കിഫ്ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. രജത ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്.
27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി നിലവില്‍ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ദേശീയ പാതയ്ക്കും വ്യാവസായിക ആവശ്യത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 33,388 കോടി രൂപ കിഫ്ബി ഇതിനോടകം സംസ്ഥാനത്ത് ചെലവഴിച്ചുകഴിഞ്ഞു. അംഗീകാരം നല്കിയ പദ്ധതികളില്‍ 21,881 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 27,273 കോടിയുടെ പദ്ധതികളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
വ്യവസായ രംഗത്ത് ഭൂമി ഏറ്റടുക്കുന്നതിന് 20,000 കോടിയാണ് ചെലവഴിക്കുന്നത്. വൈദ്യുതി മേഖലയില്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതിക്കായി 1709 കോടി ചെലവഴിച്ചു. 579 സ്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കി. മത്സ്യവകുപ്പിനു കീഴിലൂടെ 50 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചു. 44700 സ്കൂളുകളില്‍ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കി. ആനക്കാംപൊയില്‍ മേപ്പാടി ടണല്‍ റോഡ് നിര്‍മാണത്തിന് 2135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതല്‍ അങ്കമാലിവരെ എംസി റോഡ് വികസനത്തിന് 1900 കോടി രൂപയുടെ ഭരണാനുമതി നല്കി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണ പദ്ധതി നടപ്പാക്കാന്‍ കിഫ്ബിക്ക് കീഴില്‍ എസ്പിവി രൂപീകരണത്തിനും അംഗീകാരം നല്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2227 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

