സുഡാൻ കലാപത്തിൽ പാലായനം തുടരുന്നു; സഹായവുമായി സന്നദ്ധ സംഘടനകൾ
അൽ ഫാഷർ: സുഡാനിലെ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായ അൽ ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്തതോടെ ജനങ്ങളുടെ പലായനം തുടരുന്നു. ഏകദേശം 60,000 പേർ ഇവിടെ നിന്ന് ഒഴിഞ്ഞുപോയതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫിന്റെ കൈകളിലെത്തിയതോടെ കൂട്ടക്കൊലയും അതിക്രമങ്ങളും നടന്നുവെന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായി റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് അറിയിച്ചു.
ആർഎസ്എഫിന്റെ ആക്രമണങ്ങൾ ശക്തമായതിനാൽ നഗരത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നവർക്കുള്ള മാനുഷിക സഹായം ഉറപ്പാക്കാനായി റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ അടിയന്തര നടപടി തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ 2,500 പേർ അൽ ദബായിൽ എത്തുമെന്നാണ് സുഡാൻ റെഡ് ക്രസന്റിന്റെ കണക്ക്. രണ്ടര വർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തര കലാപത്തിൽ ലക്ഷങ്ങൾ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ വീടുവിട്ട് പോകേണ്ടിവരികയും ചെയ്തതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

