സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം;ആറ്റിങ്ങൽ സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് പനി പിടിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിക്കുകയും ചെയ്തു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേരാണ്. ഈ മാസം നാലു വരെ സംസ്ഥാനത്ത് ഏഴുപേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയുടെ മരണത്തോടെ ഈ മാസം സംഭവിക്കുന്ന നാലാമത്തെ മരണമാണ്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായി നടത്തുന്ന പഠനം കോഴിക്കോട് തുടങ്ങി. ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്.

