അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു
വാഷിങ്ടൺ: 43 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു. സെനറ്റും ജനപ്രതിനിധി സഭയും ബിൽ പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ ഒപ്പ് ലഭിച്ചത്. ഇതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭ്യമാകും.
ദീർഘകാല അടച്ചുപൂട്ടലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഫെഡറൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ ജോലിയിൽ തിരിച്ചെത്തും. എന്നാൽ സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പൂർണ്ണമായി പുനരാരംഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന.
43 ദിവസത്തെ അടച്ചുപൂട്ടൽ അമേരിക്കയുടെ ഭരണചരിത്രത്തിലെ അപൂർവ പ്രതിസന്ധിയായി മാറിയിരുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം താളം തെറ്റിയതോടെ നിരവധി യാത്രക്കാർ കുടുങ്ങുകയും ശമ്പളം ലഭിക്കാതെ ലക്ഷക്കണക്കിന് ജീവനക്കാർ ദുരിതത്തിലാവുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 222 വോട്ടുകൾ അനുകൂലമായപ്പോൾ 209 വോട്ടുകൾ എതിർപ്പ് രേഖപ്പെടുത്തി. ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് സബ്സിഡികൾ നീട്ടാൻ സർക്കാർ വിസമ്മതിച്ചതിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിമാന സർവീസുകൾ പൂർണമായും പഴയ നിലയിലേക്ക് എത്താൻ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് ഷോപ്പിംഗ് സീസൺ ആരംഭിച്ച സാഹചര്യത്തിൽ ഭക്ഷ്യസഹായം പുനഃസ്ഥാപിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഗാർഹിക ബജറ്റിന് ആശ്വാസമാകും. .

