അസീം മുനീറിന് അധികാരങ്ങളും ആജീവനാന്ത നിയമപരിരക്ഷയും നൽകി പാക് പാർലമെൻ്റ്;
ഇസ്ലാമാബാദ്: പാകിസ്ഥാൻ പാർലമെന്റ് ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത സുരക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലൂടെ രാജ്യത്തെ ആണവായുധ സജ്ജമായ സൈന്യത്തിന് രാഷ്ട്രീയ-ഭരണ സംവിധാനത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
മുനീറുടെ നിയന്ത്രണം വിവിധ സൈനിക ശാഖകളിലാകെ വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനും പാർലമെന്റ് അധോസഭ അംഗീകാരം നൽകി. ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്ഥാനിലെ വിദേശനയം, ആഭ്യന്തര രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ തുടങ്ങി നിർണായക വിഷയങ്ങളിലെ അന്തിമ നീക്കം സൈന്യമാണ് നിർണ്ണയിച്ചുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അസിം മുനീറിനെ ഫോർ-സ്റ്റാർ ജനറലിൽ നിന്ന് രാജ്യത്തിന്റെ രണ്ടാമത്തെ ഫീൽഡ് മാർഷലായി ഉയർത്തിയത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതും മുനീറായിരുന്നു. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ തന്റെ “പ്രിയപ്പെട്ട ഫീൽഡ് മാർഷൽ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തലസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ നടന്ന സ്ഫോടനങ്ങളിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതും നിരവധി പേർക്ക് പരിക്കേറ്റതും പ്രാദേശിക സംഘർഷങ്ങളെ രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് മുനീറുടെ അധികാരം വിപുലപ്പെടുത്തുന്ന നടപടി. സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കാനും നീക്കം ചെയ്യാനും ഉള്ള അധികാരം ഉൾപ്പെടെ വൻ ഭരണാധികാരങ്ങൾ ബില്ല് നൽകുന്നു. കൂടാതെ സുപ്രീം കോടതിയുടെ അധികാരം ചുരുക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഭരണഘടനാ കോടതി രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

